Loading...

1) നിങ്ങളുടെ ഏത് ബാല്യകാലാനുഭവമാണ് കുട്ടികൾക്ക് വേണ്ടി എഴുതുന്നതിലേക്ക് നിങ്ങളെ നയിച്ചത്?

എന്‍റെ അമ്മയുടെ. അമ്മ ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നത് ഒരുപാട് കഥകളും, നാടോടിക്കഥകളും, കവിതകളുമൊക്കെ കൊണ്ടായിരുന്നു. അവരുണ്ടെങ്കിൽ വീട്ടിൽ ഉത്സവ പ്രതീതിയായിരുന്നു. ഒരു മൂലയിലിരിക്കുന്ന അവർ സ്വയം ഉണ്ടാക്കിയതടക്കം പല കഥകളും ഞങ്ങൾക്ക് പറഞ്ഞുതരുമായിരുന്നു. ആ കഥകൾ എനിക്കിഷ്ടമായിരുന്നു, അത് എന്നിലെ കഥാമനസ്സിനെ ഉണർത്തുകയും ചെയ്തു. അവർ ഞങ്ങളെ ലളിതമായ പാട്ടുകളും പഠിപ്പിച്ചിരുന്നു. അതൊക്കെ ഞാനിപ്പോഴും ഓർക്കുന്നു.

2) വായനയിലും എഴുത്തിലും താങ്കൾ എങ്ങനെയാണ് തൽപരനാവുന്നത്?

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ന്‍റെപ്പൂപ്പാക്കൊരാനണ്ടാർന്നി’നോട് ഞാനേറെ കടപ്പെട്ടിരിക്കുന്നു. ആ കഥ മാത്രമല്ല, അത് വായിച്ച അനുഭവവും ഞാനൊരിക്കലും മറക്കില്ല. അത് എന്‍റെ അന്തരാത്മാവിനെ ഉണർത്തി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനൊരു കഥയെഴുത്ത് മൽസരത്തിൽ പങ്കെടുത്തു. അതിന്‍റെ വിഷയം ‘ഒരു ഗ്രാമീണ തൊഴിലാളിയുടെ വേദനകൾ’ എന്നായിരുന്നു. കയർ പിരിക്കുന്ന ജോലിക്കാരനായിരുന്ന എന്‍റെ പിതാവിനെക്കുറിച്ചെഴുതാൻ ഞാൻ തീരുമാനിച്ചു. ആ കഥക്ക് ഞാൻ ‘അന്തപ്പൻ മാപ്പിള’ എന്ന് തലക്കെട്ട് നൽകി. ഇതാണ് എന്‍റെ ആദ്യത്തെ എഴുത്തനുഭവം.

കുട്ടികൾക്ക് വേണ്ടി എഴുതാൻ തുടങ്ങിയത് 1966-ൽ ഞാൻ അധ്യാപന ജോലി തുടങ്ങിയതിന് ശേഷമാണ്. ഒന്നാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കാനായി കവിതകളെഴുതിയാണ് ഞാൻ തുടങ്ങിയത്. സ്വന്തമായെഴുതിയ, താളത്തിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ കഴിയുന്ന കവിതകൾ വെച്ച് പഠിപ്പിക്കുകയെന്നത് നല്ലൊരു അനുഭവമായിരുന്നു. അത് കുട്ടികൾക്ക് വല്ലാത്ത സന്തോഷം നൽകി. അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കാനുള്ള മികച്ചൊരു ഉപാധിയായിരുന്നു കവിതകൾ. ‘ചെലമ്പത്തി’ പോലെയുള്ള മാഗസിനുകളിലേക്ക് അയച്ച് പ്രസിദ്ധീകരിച്ചതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിൽ അവ പ്രചാരം നേടാൻ തുടങ്ങി.

3) താങ്കളുടെ പല പുസ്തകങ്ങളിലും കേന്ദ്ര കഥാപാത്രമായി വരുന്നത് മൃഗങ്ങളാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെകുറിച്ച് പറയാമോ?

ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്, കാരണം ബാലസാഹിത്യം വിവിധ പ്രായത്തിലുള്ളവർക്ക് വേണ്ടിയുള്ളതാണ്. ഒരു നഴ്‌സറിക്കുട്ടിക്ക് വരെ പുസ്തകങ്ങൾ ആവശ്യമാണ്. അതുകൊണ്ട് നമുക്ക് അവരോട് സംസാരിക്കാൻ കഴിയുന്ന ഭാഷയും കഥാപാത്രങ്ങളും ആവശ്യമാണ്. അവർ വളർന്ന് വരുമ്പോൾ ആ പ്രായത്തോട് കൂടുതൽ യോജിച്ച കഥാപാത്രങ്ങളെ നമുക്കവതരിപ്പിക്കാൻ കഴിയും. വളരെ ചെറിയ കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത് എന്നതിനാൽ പഞ്ചതന്ത്രത്തിലുപയോഗിച്ച അതേ തന്ത്രങ്ങളാണ് ഞാനുപയോഗിക്കുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും കഥാപാത്രങ്ങൾ വഴി പാഠങ്ങൾ അവതരിപ്പിക്കുന്ന രീതിയാണത്. ഉദാഹരണത്തിന്, ഇംഗ്ലീഷിലേക്ക് കൂടി വിവർത്തനം ചെയ്യപ്പെട്ട എന്‍റെ ‘കാട്ടിലെ കഥകൾ’ എന്ന പുസ്തകത്തിൽ മൃഗങ്ങളുടെ ഒരു സമാന്തര ലോകമാണ്. മൃഗങ്ങളുടെ കോടതിയും, അവരുടെ കലയും സാംസ്‌കാരിക പഠനകേന്ദ്രവും, ആശുപത്രിയും ഡോക്ടർമാരും നഴ്‌സുമാരുമെല്ലാം. മൃഗങ്ങൾക്ക് പകരം മനുഷ്യരെ പ്രതിഷ്ഠിച്ച് കുട്ടികളിൽ താൽപര്യം ജനിപ്പിക്കാൻ കഴിയും.

4) താങ്കളുടെ രചനകളുടെ പ്രായ-പരിധിയെക്കുറിച്ച് പറയാമോ? 

എല്ലാ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടിയും ഞാനെഴുതിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കുള്ള നാടൻ പാട്ടുകൾ മുതൽ കുറച്ച് വലിയവർക്കുള്ള കവിതകൾ വരെ. കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി ഞാനധികം എഴുതിയിട്ടില്ല. ‘പറക്കും തളികയിലെ ആകാശ സഞ്ചാരം’ എന്ന നോവൽ ചെറിയ കുട്ടികൾക്കുള്ളതാണെങ്കിൽ, ‘കാട്ടിലെ കഥകൾ’ കുറച്ചു കൂടെ മുതിർന്നവർക്കുള്ളതാണ്. ‘വയനാടൻ കോട്ട’ മുതിർന്ന കുട്ടികൾക്കുള്ളതും. ടോൾസ്‌റ്റോയ് കഥയെ അടിസ്ഥാനമാക്കി എഴുതിയ ‘ഒരാൾക്ക് എത്ര ഭൂമി വേണം’ എന്ന കഥാപ്രസംഗത്തിന് സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഞാൻ വളരെ കുറച്ച് നാടകങ്ങൾ മാത്രമാണെഴുതിയത്. അടുത്തിടെ കോവിഡ് കാലത്ത് എഴുതിയ ‘റോമിയോയും സ്‌നേഹമുത്തച്ചിയും’, സ്വന്തം മുത്തശ്ശിയെ കാണാൻ വേണ്ടി ഇറ്റലി മുതൽ ലണ്ടൻ വരെ രണ്ടായിരം കിലോമീറ്റർ സഞ്ചരിക്കുന്നൊരു കുട്ടിയുടെ യഥാർഥ കഥയാണ്.

5) ഏത് സാഹിത്യരൂപം എഴുതുന്നതാണ് നിങ്ങൾ കൂടുതൽ ആസ്വദിക്കുന്നത്? എന്ത് കൊണ്ട്?

എഴുതാൻ ഏറ്റവും എളുപ്പമായി എനിക്ക് തോന്നുന്നത് കവിതകളാണ്. നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഈ നിമിഷം എനിക്കത് കഴിയും. ലേബർ ഇന്ത്യ പോലെയുള്ള മാഗസിനുകളൊക്കെ ഒരു ദിവസം കൊണ്ടൊക്കെ പ്രത്യേക വിഷയത്തിൽ കവിതകളെഴുതാൻ ആവശ്യപ്പെടാറുണ്ട്. ആ സമയം കൊണ്ട് തന്നെ ഒന്നോ രണ്ടോ നല്ല കവിതകൾ എഴുതാൻ എനിക്ക് കഴിയും. അതുകൊണ്ട് കവിതകൾ, അതെനിക്കിഷ്ടമാണ്.

6) താങ്കൾ എങ്ങനെയാണ് വായനക്കാരുടെ പ്രതികരണങ്ങൾ മനസ്സിലാക്കുന്നത്?

നേരത്തെ കുട്ടികൾ കത്തുകളയക്കാറുണ്ടായിരുന്നു. രണ്ട്-മൂന്ന് വർഷം മുമ്പ് ഒരു വായനാവാരത്തിന് നാനൂര്‍ പോസ്റ്റ് കാർഡ് വരെ കോട്ടയത്ത് ഞാൻ സ്വീകരിച്ചിരുന്നു. അത് കുട്ടിവായനക്കാർ അയച്ചതായിരുന്നു. അവർ വായിച്ച പുസ്തകങ്ങളെയും ലേഖനങ്ങളെയും അവരെ ആകർഷിച്ച ആശയങ്ങളെയും കുറിച്ചൊക്കെ എഴുതിയിരുന്നു. ഇപ്പോൾ കുട്ടികൾക്ക് നേരിട്ട് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ലഭിക്കുന്നു. അവർ പ്രതികരണങ്ങൾ പങ്കുവെക്കാനായി നേരിട്ട് വിളിക്കുകയും ചെയ്യുന്നു. കാസർഗോഡ് ജില്ലയിൽ നിന്നുള്ളൊരു കുട്ടി മനോരമയിൽ ചെറിയൊരു ലേഖനമെഴുതിയിരുന്നു. അതിൽ അവൾ എന്‍റെ കഥാസമാഹാരം വായിച്ചതിനെകുറിച്ചും അത് കൂടുതൽ വായിക്കാൻ പ്രചോദനമായതും എടുത്തുപറഞ്ഞിരുന്നു. രണ്ടാഴ്ച മുന്നേ കേരള പോലീസിന്‍റെ ഡോഗ് സ്‌ക്വാഡിലുള്ളൊരു എസ്‌.ഐ. എന്നെ വിളിച്ച് രക്ഷപ്പെടുത്തപ്പൊട്ടൊരു നായയെ കുറിച്ച് ഞാനെഴുതിയൊരു കഥയിലുള്ള അദ്ദേഹത്തിന്‍റെ അനുഭവങ്ങളുമായുള്ള സാമ്യത വിവരിച്ചു.

7) കുട്ടികൾക്ക് വേണ്ടി എഴുതുമ്പോൾ താങ്കൾ ശ്രദ്ധിക്കാറുള്ള മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണ്?

കുട്ടികൾക്ക് വേണ്ടി എഴുതുമ്പോൾ ഞാൻ ശ്രദ്ധിക്കാറുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉള്ളടക്കമാണ്. കഥയാവട്ടെ കവിതയാവട്ടെ ഉള്ളടക്കം കുട്ടികൾക്ക് ആസ്വാദ്യകരമാവണം. കഥകൾ കേവലം വരണ്ട വിവരണമായി അവതരിപ്പിക്കുന്നതിൽ കാര്യമില്ല. വായന അവർക്ക് ആസ്വാദ്യകരമായ അനുഭവമാവണം. പിന്നെ ഞാൻ ഫലങ്ങളെകുറിച്ച് ചിന്തിക്കും. പുസ്തകത്തിൽ നിന്ന് കുട്ടികൾ എന്തെങ്കിലും ചിലത് പഠിക്കണം. അത് പുസ്തകത്തിന്‍റെ അവസാനത്തിലുള്ള ഗുണപാഠമായിട്ടല്ല, മറിച്ച് പുസ്തകത്തിലുടനീളമുള്ള ഒന്നായിട്ട് തന്നെ. പുസ്തകം പ്രോത്സാഹജനകവും പ്രചോദനം നൽകുന്നതുമാവണം. കഥനരീതി കുട്ടിയെ മറ്റൊരു പുസ്തകം വായിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ളതാവണം. അതുകൊണ്ട് പുസ്തകം ആസ്വാദ്യകരവും, വിജ്ഞാനപ്രദവും പ്രചോദനാത്മകവുമാവമണം. ഇതൊക്കെ എന്‍റെ രചനകളിൽ ഉറപ്പുവരുത്താൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.