Loading...

1) ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള ജീവിതത്തിൽ താങ്കളുടെ കുട്ടിക്കാലത്തിന്‍റെ പ്രതിഫലനം നിങ്ങൾ കാണുന്നുണ്ടോ?

ഞാൻ വളർന്നത് വൈക്കത്താണ്. എന്‍റെ പിതാവ് വൈക്കം സത്യഗ്രഹത്തിലൊക്കെ പങ്കെടുത്തൊരു പൊതുപ്രവർത്തകനായിരുന്നു. പിന്നീട് കൃഷിയിലേക്ക് നീങ്ങി. അദ്ദേഹം ഒരുപാട് വായിക്കുമായിരുന്നു. ഒപ്പം ഒരു വായനാസംസ്‌കാരം, കൃഷി, പ്രകൃതിയോടുള്ള സ്‌നേഹം ഇതെല്ലാം വീട്ടിൽ ഉൾച്ചേർന്നതായിരുന്നു. അച്ഛൻ ഗ്രാമീണ ഗ്രന്ഥശാലയിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കാൻ പ്രേരിപ്പിച്ചിരുന്നു. അമ്മയെ കൃഷിപ്പണികളിലൊക്കെ ഞാൻ സഹായിച്ചിരുന്നു. ഇതിന്‍റെയൊക്കെ ഫലമായി, എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യനും സസ്യ-മൃഗാദികളും സഹവർതിത്വത്തിൽ വസിക്കുന്ന വലിയൊരു ക്ലാസ്മുറിയായിരുന്നു പ്രകൃതി. ഓണക്കാലത്തൊക്കെ ഉറുമ്പുകൾക്ക് വിശക്കാതിരിക്കാനായി ചോറും പരിപ്പും പപ്പടവും നെയ്യും ചേർത്ത് വീടിന്‍റെ വിവിധ ഭാഗങ്ങളിൽ അമ്മ സ്‌നേഹത്തോടെ കൊണ്ടുവെക്കുന്നത് ഇപ്പോഴും ഓർക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ എന്‍റെ ചുറ്റുപാടുകൾ എന്‍റെ കുട്ടിക്കാലത്തെ രൂപപ്പെടുത്തിയതും അത് എന്‍റെ എഴുത്തിലുണ്ടാക്കിയ സ്വാധീനവും എനിക്ക് കാണാൻ കഴിയും. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകാൻ കഴിയാത്ത പക്വതയും തിരിച്ചറിവും ജീവിതത്തിലുണ്ടാവുന്നത് അനുഭവങ്ങളിലൂടെയാണ്.

2) നിങ്ങളുടെ എഴുത്തിൽ കാണുന്ന ശാസ്ത്രവും സാഹിത്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം ബാലസാഹിത്യത്തിൽ അപൂർവ്വമായി മാത്രം കാണുന്നതാണ്. അതേകുറിച്ച് പറയാമോ?

കഥകളിലൂടെ സരസമായി ശാസ്ത്രത്തെ അവതരിപ്പിക്കുകയെന്നത് പഞ്ചസാര മുക്കിയ ഗുളിക പോലെയാണ്. കയ്പ് ഗുളിക പഞ്ചസാരയിൽ മുക്കിയാലും അതിന്‍റെ കയ്പ് പോവുന്നില്ലല്ലോ. ഇതിന് പരിഹാരമായി നാം ശാസ്ത്രത്തെ സാഹിത്യമായി തന്നെ അവതരിപ്പിക്കണം. ശാസ്ത്ര സങ്കൽപങ്ങൾ കുട്ടികളുടെ മനസ്സും ശരീരവും നിറയണം, അവരുടെ വികാരങ്ങളുടെ ഭാഗമാവണം. ഇത് കേവലം രാസസമവാക്യങ്ങൾ പഠിപ്പിക്കുന്നതിലൂടെ സാധ്യമാവില്ല. ശാസ്ത്രജ്ഞൻമാരെയും അവരുടെ കണ്ടുപിടുത്തങ്ങളെയും അവയ്ക്ക് പുറകിലുള്ള കഥകളും നാടകീയതയുമെല്ലാം അവതരിപ്പിക്കാനായി ഞാൻ ജീവചരിത്രങ്ങളാണ് ഉപയോഗിക്കാറ്. വലിയൊരു വിഭാഗം ജനങ്ങൾ അരികുകളിൽ ജീവിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് സാമൂഹിക വളർച്ചക്കും അതിജീവനത്തിനുതന്നെയും ശാസ്ത്രീയമായ കാഴ്ചപ്പാട് വളരെ പ്രധാനമാണ്. ഞാൻ ശാസ്ത്രത്തെ ശാക്തീകരണത്തിനുള്ളൊരു ഉപാധിയായും സാഹിത്യത്തെ സംവേദനത്തിനു വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. ഉന്നതവിദ്യാഭ്യാസ പഠനത്തിലും ഇതേ സമീപനമാണ് ഞാൻ സ്വീകരിക്കുന്നത്. ഉദാഹരണത്തിന്, നാം ആറ്റത്തിന്‍റെ ഘടന പഠിപ്പിക്കുന്നത് ആറ്റം ബോംബുകളുടെ പ്രഹര ശക്തിയുമായി ബന്ധിപ്പിച്ചാവണം. ശാസ്ത്രത്തിന്‍റെ ഉപയോഗവും ദുരുപയോഗവും തിരിച്ചറിയാവുന്ന സാമൂഹ്യബോധം നാം വളർത്തിക്കൊണ്ടുവരണം.

3) നിങ്ങളുടെ രചനാനിർവഹണ രീതിയെക്കുറിച്ച് ഏതാനും പുസ്തകങ്ങളുടെ ഉദാഹരണസഹിതം പറയാമോ?

എഴുത്ത് ധ്യാനം പോലെയാണ്! എന്‍റെ എല്ലാ പുസ്തകങ്ങളിലും പരമാവധി സാഹിത്യമൂല്യങ്ങളുൾക്കൊള്ളിക്കാനും കഥകൾ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് അവതരിപ്പിക്കാനും ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന്, ‘കീയോ കീയോ’ ഒരു ശാസ്ത്ര പുസ്തകമല്ല, മറിച്ച് ശാസ്ത്രവീര്യം ഉൾക്കൊണ്ടൊരു സാങ്കൽപികാഖ്യായിക (fiction) ആണ്. ഞാൻ പക്ഷിനിരീക്ഷണം പഠിപ്പിക്കാൻ ശ്രമിച്ചിട്ടില്ല, പക്ഷെ പക്ഷികൾ നമ്മുടെ കുടുംബത്തിന്‍റെ ഭാഗമാണെന്നും അവയെ ജൈവീകതയുടെ കണ്ണാടിയിലൂടെ നോക്കിക്കാണണമെന്നും മനസ്സിലാക്കികൊടുക്കുന്നൊരു കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന ലക്ഷ്യം കുട്ടികളുടെ താൽപര്യത്തെ അവർക്കിഷ്ടപ്പെടുന്ന ആകർഷകമായ രീതിയിൽ പ്രചോദിപ്പിക്കുകയെന്നതാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (കെ.എസ്.എസ്.പി.) എന്നോട് കുട്ടികൾക്ക് വേണ്ടി പ്രകൃതിയെകുറിച്ചൊരു കൈപുസ്തകം എഴുതാനാവശ്യപ്പെട്ടിരുന്നു. ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ എഴുതുന്നതങ്ങനെയാണ്. പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനിടെ തന്നെ ഒരു ലക്ഷം കോപ്പിയാണത് വിറ്റുപോയത്. ഇതിൽ ഞാൻ പ്രകൃതിയെ ജൈവികമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ്. ശാസ്ത്രത്തോടൊപ്പം തന്നെ വളർന്ന തത്വചിന്തയുടെയും നൈതികതയുടെയും കാഴ്ചപ്പാട്.

4) ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളേതാണ്? 

‘കീയോ കീയോ’ എന്ന എന്‍റെ പുസ്തകത്തോടുള്ള പ്രതികരണം സ്മരണീയമാണ്. തള്ളപ്പക്ഷി വളർത്തി വലുതാക്കിയ ശേഷം കുഞ്ഞിപ്പക്ഷി പറന്നകലുമ്പോൾ പ്രകൃതിയോട് ‘അവളെ സംരക്ഷിക്കാനും എന്നെങ്കിലും തിരിച്ചൊരു തള്ളപ്പക്ഷിയായി അവളെ തിരിച്ചെത്തിക്കാനും’ നടത്തുന്നൊരു പ്രാർഥനയോടെയാണ് പുസ്തകം അവസാനിക്കുന്നത്. ഈ പുസ്തകം ഇറങ്ങിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ജോൺ സി. ജേക്കബ് ഈ ഭാഗങ്ങൾ വായിച്ച് കരഞ്ഞുപോയി എന്നു പറഞ്ഞ് എനിക്ക് കത്തെഴുതി. അദ്ദേഹം പുസ്തകത്തിന്‍റെ അവസാനഭാഗത്ത് ‘ആമേൻ’ എന്നുകൂടി എഴുതിച്ചേർത്തതായി പറഞ്ഞു. അവസാനത്തെ ആ പ്രാർഥന അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചതായി എനിക്ക് മനസ്സിലായി.

അതുപോലെ മറ്റൊരവസരമായിരുന്നു സെയ്ന്‍റ് ഫ്രാൻസിസിനെ കുറിച്ച് കിളി പറയുന്ന രീതിയിൽ എഴുതിയ കഥ, ‘കിളിമകളുടെ പുണ്യവാളൻ’ പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അനുഭവം. സെയ്ന്‍റ് ഫ്രാൻസിസിനെകുറിച്ച് പഠിച്ച സിനിമാ സംവിധായകനായ ശ്രീ. ജോയ് ഈശ്വർ പറഞ്ഞത് രണ്ട് വർഷമായി ചർച്ചിൽ പോവാത്ത അദ്ദേഹം ഈ പുസ്തകം വായിച്ച ശേഷം അതിന്‍റെ സ്വാധീനം മൂലം ചർച്ചിൽ പോയി എന്നാണ്.

5) എഴുതുന്ന തീമുകൾ രൂപപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും എങ്ങനെയാണ്?

അത് ഓരോ പുസ്തകത്തിനും വ്യത്യസ്തമാണ്. ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ എന്നോടാവശ്യപ്പെട്ടതുകൊണ്ട് എഴുതിയതാണ്. അതേസമയം ഒരു മണ്ണിര പെൻഷൻ നിരാകരിക്കുന്ന കഥ ‘മാത്തൻ മണ്ണിരക്കേസ്’ ആകസ്മികമായി എഴുതിയതാണ്. ഞാൻ യുറേക്ക ശാസ്ത്ര മാസികയുടെ എഡിറ്ററായിരുന്നപ്പോൾ ഒരു കൊച്ചുകുട്ടി എനിക്കൊരു ഫലിതം എഴുതി അയച്ചു. ‘ഞാനൊരു കൊച്ചു മണ്ണിരയാണ്. യുറേക്ക അമ്മാവനോട് എനിക്ക് പെൻഷൻ തരുവാൻ അപേക്ഷിക്കുന്നു.’ മൂന്നു വർഷത്തെ ഗവേഷണത്തിന് ശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചില പുസ്തകങ്ങൾ വേഗം എഴുതാൻ കഴിയും. എന്‍റെ തോട്ടത്തിലെ പക്ഷികൾ മുട്ടയിടുന്നതും കുട്ടികളെ പരിചരിക്കുന്നതുമൊക്കെ നിരീക്ഷിച്ചാണ് ഞാൻ ‘കീയോ കീയോ’ എഴുതിയത്. കേരള സർക്കാർ നൽകിയ എമിററ്റസ് ഫെലോഷിപ്പിന്‍റെ ഭാഗമായി ശാസ്ത്രജ്ഞൻമാരെ കുറിച്ച് ഞാൻ ഏഴു വാല്യങ്ങളെഴുതി, അതിൽ മൂന്നെണ്ണം ഡി.സി. പ്രസിദ്ധീകരിച്ചിട്ടുണ്ട്.

6) താങ്കളുടെ ഏതെങ്കിലും പുസ്തകങ്ങൾ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടോ?

‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ തമിഴും ഹിന്ദിയുമടക്കം ഒരുപാട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തർജ്ജമകൾ പ്രധാനം തന്നെയാണ്, പക്ഷെ പദാനുപദ വിവർത്തനത്തിനപ്പുറം പുസ്തകത്തിന്‍റെ അന്തഃസത്ത ഉൾക്കൊള്ളുന്നതാവണം അവ. പുസ്തകം ആശയങ്ങൾ ഉൾക്കൊണ്ട് ഭാഷക്കനുസൃതമായി ആഴത്തിൽ വായിക്കപ്പെടണം. ഒരു നല്ല വിവർത്തനം എഴുത്തുകാരന്‍റെ അത്ര തന്നെ പ്രയത്നം വിവർത്തകനിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്. പുസ്തകം വിവർത്തനം അർഹിക്കുന്നുണ്ടോ എന്നതും തർജ്ജമ ചെയ്യപ്പെടുന്ന ഭാഷയിൽ അത് വിൽക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

7) മറ്റുള്ളവയെ അപേക്ഷിച്ച് കേരളത്തിൽ ബാല പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി എന്താണ്? അതിന്‍റെ പ്രാധാന്യം വർധിക്കുന്നുണ്ടോ?

ഇവിടെ പൊതുവെ ബാലസാഹിത്യം ഇത്തിരി താഴ്ന്നതായിട്ടാണ് ആളുകൾ പരിഗണിക്കാറ്. രണ്ടാമതായി, പ്രസാധകര്‍ വിൽക്കാറുണ്ടെങ്കിലും ബാലസാഹിത്യം പ്രസിദ്ധീകരിക്കാൻ വലിയ താൽപര്യം കാണിക്കാറില്ല. ലൈബ്രറി അസോസിയേഷനുകൾ വാങ്ങുമെന്നതിനാൽ വലിയവർക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിലാണ് അവർക്ക് താൽപര്യം. വരുംതലമുറ മുന്നോട്ട് വന്ന് സമർപ്പണബുദ്ധിയോടെ ബാലസാഹിത്യത്തിൽ പരീക്ഷണങ്ങൾ നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

8) മറ്റു ഭാഷകളിലെ ബാലസാഹിത്യത്തെകുറിച്ചുള്ള നിരീക്ഷണങ്ങൾ?

ഇംഗ്ലീഷ് ഭാഷയിൽ വിവിധ തരത്തിലുള്ള നിരവധി ബാലസാഹിത്യ കൃതികൾ വായിക്കാൻ എനിക്കവസരം കിട്ടിയിട്ടുണ്ട്. ഇരുപതു വർഷത്തെ കഠിനാധ്വാനത്തിനു ശേഷം പുറത്തുവന്ന ‘ഒരു കുരങ്ങന്‍റെ സ്വപ്‌നം’ (The Dream of a Monkey) എന്ന പുസ്തകം മ്യൂണിച്ചിൽ നിന്ന് വായിച്ചത് ഞാനോർക്കുന്നു. അത്ര കഠിനാധ്വാനം ചെയ്തുള്ള ബാലസാഹിത്യ രചനകൾ ഇന്ത്യയിലാരെങ്കിലും എഴുതുന്നുണ്ടോ? ഇന്ത്യൻ ഭാഷകളിലങ്ങോളം ബാലസാഹിത്യത്തിന്‍റെ അതിരുകൾ വിശാലമാക്കേണ്ടിയിരിക്കുന്നു. മറ്റു പ്രാദേശിക ഭാഷകളിലും ബാലസാഹിത്യത്തിൽ കൂടുതൽ ശാസ്ത്ര സംബന്ധിയായ ഉള്ളടക്കങ്ങൾ വരണം. എല്ലാ ഭാഷകളിലും ബാലസാഹിത്യശാഖ മൊത്തത്തിൽ ശക്തിപ്പെടുത്തുകയും സർക്കാറുകൾ പ്രോത്സാഹനം നൽകുകയും വേണം.

9) യുവ എഴുത്തുകാർക്കും പ്രസാധകർക്കും താങ്കൾ നൽകുന്ന സന്ദേശം എന്താണ്?

വലിയ പ്രസാധകർ പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധം പിടിക്കാതെ യുവ എഴുത്തുകാർ എഴുതിക്കൊണ്ടേയിരിക്കണം. അവർ ആഴത്തിൽ വായിക്കുകയും സമൂഹത്തിൽ ഇടപെടുകയും ചെയ്യണം. ഇത് ഒരുപാട് പുതിയ ആശയങ്ങൾ കിട്ടാനിടയാക്കും. ഫെയ്സ്ബുക്കിലോ സാമൂഹ്യ മാധ്യമങ്ങളിലോ എഴുതാൻ ആരുടെയും സമ്മതമാവശ്യമില്ല. അതുകൊണ്ട് ഇത്തരം അവസരങ്ങളും ഉപയോഗപ്പെടുത്തണം. അപ്പോൾ പ്രസാധകർ നിങ്ങളെ തേടിവരും. എനിക്ക് പ്രസാധകരോട് പറയാനുള്ളത് ബാലസാഹിത്യം വിറ്റുപോവുകയില്ലെന്ന അവരുടെ കാഴ്ച്ചപ്പാട് മാറ്റണം. ശരിയായി മാർക്കറ്റ് ചെയ്താൽ പുസ്തകങ്ങൾ വിറ്റുപോവും. ഇത് വാങ്ങാൻ തയ്യാറായി നിൽക്കുന്ന ആയിരക്കണക്കിന് രക്ഷിതാക്കളും കുട്ടികളുമുണ്ട്. പ്രസാധകർ വിപണിയെ നിരന്തരം പുനസങ്കൽപനങ്ങൾക്ക് വിധേയമാക്കി നിരന്തരം മികച്ച ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കാൻ തയ്യാറാവണം.