Loading...

പള്ളിയറ ശ്രീധരൻ

1) കേരളം ‘ഗണിത മാന്ത്രികൻ’ എന്ന് വിളിക്കുന്ന നിങ്ങളുടെ കുട്ടിക്കാലം മുതലേ കണക്ക് നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്നു കരുതുന്നു. അതൊന്ന് വിശദീകരിക്കാമോ?

എന്‍റെ അച്ഛൻ നടത്തിയിരുന്ന ചായക്കടയിൽ മുന്നോ നാലോ വയസ്സുമുതൽ ഞാൻ സഹായത്തിന് നിൽക്കാറുണ്ടായിരുന്നു. അച്ഛൻ മറ്റുപല തിരക്കുകളിലുമാവുമ്പോൾ എന്നോട് ചായക്കട നോക്കാൻ പറയും. അപ്പോൾ ചായയുടെയും കടികളുടെയുമെല്ലാം വിലയും മറ്റും നോക്കിയിരുന്നത് ഞാനാണ്. ഇത് ഞാൻ സ്‌കൂൾ പഠനം തുടങ്ങുന്നതിനും മുമ്പാണ്. ചായക്കടയിൽ വന്നിരുന്ന പത്രങ്ങൾ വായിക്കാൻ അച്ഛൻ എന്നെ പ്രേരിപ്പിക്കുമായിരുന്നു. ‘ശ്രീലാൽബഹദൂർശാസ്ത്രി’ എന്നൊക്കെ ഒന്നിച്ച് വായിച്ചത് ഞാനോർക്കുന്നു. തെറ്റുകൾ വരുത്തിയാലും സ്‌കൂളിൽ ചേരുന്നതിന് മുന്നേ അച്ഛൻ എന്നെ വായിക്കാൻ പഠിപ്പിച്ചു. ഞങ്ങളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി എല്ലായിടത്തും കണക്കുമുണ്ടായിരുന്നു. പിന്നീട് അധ്യാപകരുടെയൊക്കെ പിന്തുണയോടെ ഉപരിപഠനത്തിന് ഞാൻ കണക്ക് തിരഞ്ഞെടുത്തു. ഞാൻ എല്ലായിടത്തും എല്ലാത്തിലും ഗണിതത്തെ കാണുന്നു, അതാണ് പ്രപഞ്ചത്തിന്‍റെ സ്പന്ദനം!

2) പിന്നീടെങ്ങനെയാണ് കുട്ടികൾക്ക് വേണ്ടിയുള്ള രചനകളിലേക്കെത്തുന്നത്?

ഞാൻ സ്‌കൂളിൽ അധ്യാപനം തുടങ്ങിയപ്പോഴാണ് കുട്ടികൾ കണക്ക് പഠിക്കാൻ ഏറെ പ്രയാസപ്പെടുന്നത് ശ്രദ്ധിക്കാനിടയായത്. അന്ന്‍ ഗണിതവുമായി ബന്ധപ്പെട്ട് സാഹിത്യ പുസ്തകങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ആ സമയത്താണ് ‘കണക്കിലെ പൊതുവായ തെറ്റുകൾ’ എന്നൊരു ലേഖനം ഞാൻ ഒരു സോവനീറിൽ എഴുതുന്നത്. അതിനെ എന്‍റെയൊരു സുഹൃത്ത് ഭയങ്കരമായി അനുമോദിച്ചെങ്കിലും എനിക്ക് കൂടുതൽ താല്‍പര്യം കഥകളും മറ്റുമെഴുതി പ്രസിദ്ധീകരിക്കാനായിരുന്നു. ‘കഥകളൊക്കെ എഴുതാൻ ഒരുപാടാളുകൾക്ക് കഴിയും പക്ഷെ കുട്ടികൾക്കു വേണ്ടി കണക്കിനെ കുറിച്ചെഴുതാൻ കുറച്ചാളുകൾക്കെ കഴിയൂവെന്ന’ അദ്ദേഹത്തിന്‍റെ വാക്കുകൾ എന്‍റെ കണ്ണു തുറപ്പിച്ചു. ഇതൊരു വലിയ നിർദേശമായി പരിഗണിച്ചാണ് ഞാൻ എന്‍റെ ആദ്യ പുസ്തകമായ ‘പ്രകൃതിയിലെ ഗണിതം’ (Mathematics in Nature) എഴുതുന്നത്. അതിൽ ഞാൻ തേനീച്ചക്കൂട് എങ്ങനെയാണ് ഷഡ്ഭുജ (hexagon) മാവുന്നതെന്നും, അവയുടെ അനക്കങ്ങൾ വഴിയുള്ള സംഭാഷണത്തിൽ അടങ്ങിയിരിക്കുന്ന ഗണിത രഹസ്യങ്ങളുമെല്ലാം പ്രതിപാദിച്ചിരുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങൾ വഴി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍റെ സ്‌കൂൾ പാഠ്യപദ്ധതി തയ്യാറാക്കാൻ എന്നെ ക്ഷണിച്ചു. ഗണിതത്തിൽ ഞാനൊരു സാഹിത്യമൂല്യം കണ്ടു. ക്രമേണ എഴുത്ത് ഒരു മുഴുസമയ തൊഴിലായി മാറി. അങ്ങനെ നൂറ് പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ അധ്യാപന ജോലി രാജിവെച്ചു.

3) വലിയൊരു വിഭാഗം ആളുകൾ കണക്കിനെ പേടിയോടെ കാണുന്നിടത്ത് നിങ്ങളുടെ പുസ്തകങ്ങൾ ഗണിതത്തെ കുട്ടികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. എങ്ങനെയാണ് ഇത് രണ്ടും ബന്ധിപ്പിക്കുന്നത്?

നിങ്ങൾ നോക്കുകയാണെങ്കിൽ കുട്ടികൾ തീരെ ആസ്വദിക്കാത്ത പാഠപുസ്തകം കണക്കാണ്, കാരണം അവർക്ക് തീരേ ഇഷ്ടമില്ലാത്ത വിഷയമതാണ്. അതുകൊണ്ട് തന്നെ സ്‌കൂളിൽ പഠിപ്പിക്കുന്ന രീതിയിൽ കണക്ക് ‘പഠിപ്പിക്കുന്ന’ പുസ്തകങ്ങൾ ഞാൻ എഴുതാറില്ല. ‘പൈയുടെ ആത്മകഥ’ (The Autobiography of Pi) പോലോത്ത ജീവിതകഥകൾ, കഥകൾ, കവിതകൾ, നാടകങ്ങൾ തുടങ്ങിയവയെല്ലാമാണ് ഞാൻ എഴുതാറ്. ക്രമേണ ഗണിതത്തെ ഒരു സാഹിത്യശാഖയായി വികസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ‘ജ്യാമിതിയുടെ പാഠപുസ്തകം’ (A Textbook of Geometry) എന്ന പേരിൽ ഞാനൊരു പുസ്തകമെഴുതിയാൽ അധികപേർക്കൊന്നും താൽപര്യം കാണില്ല. അതുകൊണ്ട് തന്നെ എന്‍റെ ലക്ഷ്യം കുട്ടികൾക്ക് ഏറ്റവും ആസ്വാദ്യകരമായ രീതിയിൽ ഗണിതത്തെ സംവേദനം ചെയ്യുകയെന്നതാണ്.

4) കുട്ടികൾക്ക് വേണ്ടി ലളിതമായി സംഗ്രഹിച്ച് ശാസ്ത്രീയമായി എങ്ങനെയാണ് നിങ്ങൾ എഴുതുന്നത്? 

ഞാൻ പറഞ്ഞപോലെ എന്‍റെ ലക്ഷ്യം കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ ശാസ്ത്രീയമായി തന്നെ വിവരങ്ങൾ അവതരിപ്പിക്കുകയാണ്. കുട്ടികൾക്ക് കഥകൾ ഏറെ ഇഷ്ടമാണ് എന്നതിനാൽ തന്നെ, ശാസ്ത്രത്തെ അവതരിപ്പിക്കുന്നതോടൊപ്പം, എന്‍റെ രചനകളിൽ ഞാൻ സാങ്കൽപികാഖ്യാനങ്ങളുടെ (fiction) ചില ഘടകങ്ങൾ കൂടി ചേർക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ‘സംഖ്യകളുടെ കഥയും’, പൂജ്യം എന്ന സങ്കൽപം എങ്ങനെയാണ് ഇന്ത്യയിൽ നിന്ന് അറേബ്യ വഴി യൂറോപ്പിലേക്ക് സഞ്ചരിച്ചത് എന്നതുമെല്ലാമാണ് ‘പൂജ്യത്തിന്‍റെ കഥ’ (The Story of Zero) എന്ന പുസ്തകത്തിൽ ഞാനെഴുതിയത്. ഗണിത സങ്കൽപങ്ങൾ (mathematical concepts) പോലെതന്നെ പ്രധാനമാണ് ആ കഥകളും.

5) ഗണിതത്തിനകത്തെ ചരിത്രം പറയുന്ന നിങ്ങളുടെ ഏതാനും പുസ്തകങ്ങളെ കുറിച്ച് പറയാമോ?

കണക്കിലെ അപൂർവ്വ പ്രതിഭകളെകുറിച്ച് ഞാനെഴുതിയ ‘ഗണിശാസ്ത്ര പ്രതിഭകൾ’ (Eminent Mathematicians) എന്ന പുസ്തകം ചരിത്രം പറയുന്ന ഒന്നാണ്. ആധുനിക നമ്പറുകൾക്ക് പഞ്ച, ശാസ്ത, നവ തുടങ്ങി പേരുകൾ നൽകിയ മെഗാഥിതി ആയിരുന്നു ആദ്യത്തെ ഗണിതശാസ്ത്രജ്ഞരിലൊരാൾ. അവരെകുറിച്ച് ഞാൻ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. വിശാലമായൊരു പശ്ചാത്തലം വായനക്കാരന്‍റെ മനസ്സിലേക്ക് വരാൻ വേണ്ടി ഞാൻ ശാസ്ത്ര സങ്കൽപങ്ങളുടെ ചരിത്രം കൂടി പിന്തുടരാൻ ശ്രമിക്കാറുണ്ട്. ജ്യാമിതിയും ലോഗരിഥവുമെല്ലാം പഠിക്കുമ്പോൾ അത് എങ്ങനെ കണ്ടെത്തി, എവിടുന്നു വന്നു തുടങ്ങിയവയെല്ലാം കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ പഠനം കൂടുതൽ ആഴമുള്ളതാവുന്നു. നിള ‘നദിയും നൈൽ നദിയും’ (Rivers Nila and Nile) എന്ന പുസ്തകത്തിൽ എങ്ങനെയാണ് നൈൽ നദിക്കരയിൽ ജ്യാമിതി വികസിച്ചതെന്നതിനെകുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. നദിക്കരയിൽ സ്ഥിരമായി വെള്ളപ്പൊക്കവും മറ്റുമുണ്ടായിരുന്ന സമയത്താണ് ജനങ്ങൾ ഭൂവുടമസ്ഥതയും മറ്റും കണക്കാക്കാനായി ജ്യാമിതി വികസിപ്പിച്ചത്. ഭൂതർക്കങ്ങൾ ഒഴിവാക്കാനായി, അതാത് പ്രദേശത്തിന്‍റെ ജ്യാമിതീയ ചിത്രങ്ങൾ (maps) വരക്കുകയും പ്രളയത്തിൽ തകർന്നു പോവാത്ത അതിർത്തിക്കല്ലുകൾ സ്ഥാപിക്കുകയുമായിരുന്നു അവർ കണ്ടുപിടിച്ച പോംവഴി. ഇത് ജ്യാമിതി ഒരു പഠനശാഖയായി വികസിക്കുന്നതിലേക്ക് നയിച്ചു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, അത് വികാസം പ്രാപിച്ചപ്പോൾ ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് അതിന്‍റെ ഉത്ഭവകഥയോ മറ്റോ ഒന്നും ആരും പറയാതായി. ഈ സന്ദർഭത്തിൽ, മൂന്ന്-നാല് നൂറ്റാണ്ട് മുമ്പ് നിളാ നദിയുടെ തീരത്ത് നിലനിന്നിരുന്ന ഗണിതശാസ്ത്രകേന്ദ്രത്തെക്കുറിച്ച് കൂടി പറയേണ്ടതുണ്ട്. നിരവധി പ്രമുഖ ഗണിതശാസ്ത്രജ്ഞൻമാർ അവിടെ ജോലി ചെയ്തിട്ടുണ്ട്. ഇത് വലിയൊരു വിഭാഗം മലയാളികൾക്ക് പോലുമറിയാത്ത ചരിത്രമാണ്. ലോകത്തുള്ള ഏതൊരു വിഷയവും ആഴത്തിൽ നിരീക്ഷിച്ചാൽ അതിൽ ഗണിതത്തിന്‍റെ ഘടകങ്ങൾ കണ്ടെത്താൻ കഴിയുമെന്നതിൽ ഞാൻ സന്തോഷവാനാണ്.

6) താങ്കളുടെ വായനക്കാരിൽ നിന്ന് എന്ത് പ്രതികരങ്ങളാണ് താങ്കൾക്ക് ലഭിച്ചത്?

ഞാനെഴുതിക്കൊണ്ടിരുന്ന കാലങ്ങളിൽ, വളരെ മികച്ചതും നിർമാണാത്മകവുമായ നിരവധി പ്രതികരണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്‍റെ പുസ്തകങ്ങൾ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രധാനമായൊരു വിഷയത്തെയാണ് അഭിസംബോധന ചെയ്യുന്നത് എന്നതിനാൽ പ്രധാനമായും അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരിൽ നിന്നാണ് എനിക്കധികവും പ്രതികരണങ്ങൾ ലഭിക്കാറ്. ലഭിച്ച പ്രതികരണങ്ങൾ കൂടുതൽ എഴുതാൻ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. നേരത്തെയൊക്കെ കുട്ടികൾ കത്തുകളിലൂടെ അവരുടെ ചിന്തകൾ പങ്കുവെച്ചിരുന്നുവെങ്കിൽ ഇപ്പോഴത് വാട്‌സാപ്പിലൂടെയാണ്. ഏറ്റവും മികച്ച പ്രതികരണങ്ങൾ ലഭിച്ചൊരു പുസ്തകമാണ് ‘ഗണിത വിജ്ഞാനകോശം’ (Encyclopaedia of Mathematics). ആ ഇനത്തിലുള്ള മലയാളത്തിലിറങ്ങിയ ഒരേയൊരു പുസ്തകമായിരുന്നു അത്. വേറൊരു പുസ്തകമാണ് ‘ഗണിതശാസ്ത്ര പ്രതിഭകൾ’ (Eminent Mathematicians). ഇരുന്നൂറ് ഗണിതശാസ്ത്രജ്ഞരെക്കുറിച്ചുള്ള ആ പുസ്തകത്തിനും നല്ല പ്രതികരണമാണ് ലഭിച്ചത്. ‘പൂജ്യത്തിന്‍റെ കഥയും’ (The Story of Zero) ‘സംഖ്യകളുടെ കഥയും’ (The Story of Numbers) നല്ല പ്രതികരണങ്ങളുണ്ടാക്കി. പല അധ്യാപകരും അവരുടെ കുട്ടിക്കാലം മുതലേ വായിച്ചു ശീലിച്ച എന്‍റെ പുസ്തകങ്ങൾ വീണ്ടും വീണ്ടും വിനോദത്തിനുവേണ്ടി വായിക്കുന്നതിനെകുറിച്ച് പറഞ്ഞിട്ടുണ്ട്. എനിക്കു തോന്നുന്നത് 80’കളിലും 90’കളിലും എന്‍റെ പുസ്തകങ്ങൾ കൂടുതൽ അനുയോജ്യമായിരുന്നു. ഇപ്പോൾ കുട്ടികൾക്ക് ഈ വിവരങ്ങളെല്ലാം ഓൺലൈനിലൂടെ ലഭ്യമാവും. എന്‍റെ പുസ്തകങ്ങളുടെ വായനക്കാരുടെ എണ്ണത്തിൽ വലിയ കുറവില്ലെങ്കിലും കുട്ടികളുടെ എണ്ണത്തിലുള്ള വർധനവിനനുസരിച്ച് വായനക്കാരുടെ എണ്ണം വർധിക്കുന്നില്ലെന്നാണ് കരുതുന്നത്.