Loading...

1) താങ്കളുടെ ബാല്യകാല ജീവിതവും ഒരു ബാലസാഹിത്യ എഴുത്തുകാരനിലേക്കുള്ള യാത്രയും വ്യക്തമാക്കാമോ?

ബാല്യകാലത്ത് എഴുത്തുകാരുമായി എനിക്ക് നേരിട്ട് ബന്ധമൊന്നുമുണ്ടായിരുന്നില്ല, പക്ഷെ ഗ്രാമത്തിൽ ഒരു ഗ്രന്ഥശാലയുണ്ടായിരുന്നു. അവിടെ നിന്നാണ് ഞാൻ വായിച്ചു തുടങ്ങുന്നതും അതിന്റെ ആനന്ദം അറിയുന്നതും. ഉറൂബ്, എസ്‌.കെ. പൊറ്റക്കാട്, സിപ്പി പള്ളിപ്പുറം, നരേന്ദ്രനാഥ്, സുമംഗല തുടങ്ങിയവരുടെ ഉള്‍പ്പെടെ ലൈബ്രറിയിൽ കിട്ടിയ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിരുന്നു. ഞാൻ വായിച്ച ആദ്യത്തെ ബാലസാഹിത്യ കൃതി എം.ടി. വാസുദേവൻ നായരുടെ ‘മാണിക്യക്കല്ല്’ ആയിരുന്നു. അന്ന് ഏഴാം ക്ലാസിൽ പഠിക്കുന്ന അന്വേഷണകുതുകിയായ കൊച്ചുപയ്യൻ പുസ്തകത്തിൽ കണ്ട എം.ടിയുടെ വിലാസത്തിലേക്ക് മറുപടി പ്രതീക്ഷിച്ചുകൊണ്ട് കത്തയച്ചു. മറുപടി ലഭിക്കാതെ പോയ ആ കത്തിനെകുറിച്ചാണ് ‘കിട്ടാതെപോയ മറുപടി കത്ത്’ എന്ന പേരിൽ പിന്നീട് ഞാൻ എഴുതിയത്. ബാലസാഹിത്യ ചരിത്രമടക്കം എന്‍റെ നാലോ അഞ്ചോ പുസ്തകങ്ങൾക്ക് എം.ടി. സാർ മുഖവുര എഴുതിയിട്ടുണ്ട്. ഞാൻ ബാലസാഹിത്യം എഴുതിത്തുടങ്ങുന്നത് ബാലമാസികകളിലാണ്. പി.എച്ച്.ഡി. കഴിഞ്ഞ ശേഷം മാതൃഭൂമിയിൽ ജോലി ചെയ്യുന്നതിനിടെ ഡി.സി. ബുക്‌സിന്റെ ഒരു സീരീസിനൊപ്പം കുട്ടികൾക്ക് വേണ്ടിയുള്ള എന്‍റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു. പത്രത്തിലെ ജോലിക്കിടെ രാത്രി ഡ്യൂട്ടിക്കിടെയാണ് ഞാൻ ആ പുസ്തകം എഴുതിത്തീർത്തത്.

2) താങ്കളുടെ കുറെ രചനകൾ നാടോടിക്കഥകളുടെയും, സോവിയറ്റ് ബാലസാഹിത്യത്തിന്‍റെയും പുരാണകഥകളുടെയുമെല്ലാം പുനരാഖ്യാനമാണ്. അവ പുനരാവിഷ്‌കരിച്ച് പുതിയൊരു തലമുറക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ താങ്കളുടെ മനസ്സിൽ എന്താണുണ്ടായിരുന്നത്?

സോവിയറ്റ് ബാലസാഹിത്യമാവട്ടെ, നാടോടിക്കഥകളാവട്ടെ, കുട്ടികൾക്ക് ഭൂതകാലവുമായുള്ളൊരു ബന്ധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരു തിരിച്ചറിവിൽ നിന്നാണ് കുട്ടികളുടെ വായനാസുഖം മുൻനിർത്തി ഈ കഥകൾ പുനരാവിഷ്‌കരിക്കാൻ തുടങ്ങിയത്. ഉദാഹരണത്തിന് ചിത്രകഥകളായ ‘തീപ്പെട്ടി’, ‘നിഖിതയുടെ ബാല്യം’ തുടങ്ങിയവയെല്ലാം വായിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഇന്നത്തെ കുട്ടികൾക്കും അതേ ആസ്വാദനം കിട്ടണമെന്ന് ഞാനാഗ്രഹിച്ചു. അങ്ങനെയാണ് മാതൃഭൂമി രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും’ എന്ന പുസ്തകമെഴുതുന്നത്. ആ പുസ്തകമെഴുതിയ ഒന്നര വർഷം, ഒരിക്കലും റഷ്യ കാണാത്ത ഞാൻ മനസ്സിൽ സങ്കൽപിച്ച മഞ്ഞുമലകൾ നിറഞ്ഞ റഷ്യയെ ശരിക്ക് അനുഭവിക്കുകയായിരുന്നു. പുനരാവിഷ്‌കരിക്കുമ്പോൾ കഥകളുടെ മൗലികത നഷ്ടപ്പെടാതിരിക്കാനായി പരമാവധി കഥകൾ ഞാൻ സംഘടിപ്പിക്കുകയും വായിക്കുകയും ചെയ്തു.

3) താങ്കളുടെ ചിത്രപുസ്തകങ്ങളായ ‘പൂക്കളം’, ‘ഇത്തിരിതുമ്പ’, ‘ചായക്കുട്ടി’ തുടങ്ങിയവയെല്ലാം വളരെ ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. വായിക്കാനറിയാത്ത കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിൽ പുസ്തകം തയ്യാറാക്കുന്നതെങ്ങനെയാണ്?

സോവിയറ്റ് ചിത്രപുസ്തകങ്ങളിലുള്ള ചിത്രങ്ങൾ എന്‍റെ മനസ്സിൽ പതിഞ്ഞുകിടക്കുന്നവയാണ്. അവയുടെ സ്വാധീനം തീർച്ചയായും എന്‍റെ എഴുത്തിലുണ്ട്. എനിക്ക് തോന്നുന്നത് ചിത്രപുസ്തകങ്ങളാണ് കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനുള്ള എളുപ്പവഴി. ‘കിലുക്കാംപെട്ടി’ സീരീസ് നമ്മൾ പുറത്തുകൊണ്ടുവന്നത് കൂടുതൽ ചിത്രങ്ങളും കുറച്ച്മാത്രം എഴുത്തുമായാണ്. ചിത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ട് വായിക്കാനറിയാത്ത കുട്ടികൾക്കും കഥ മനസ്സിലാക്കാനാവും.

4) താങ്കൾ കുട്ടികളുമായി സംവദിക്കാറുണ്ടോ?

 

ഞാൻ കുട്ടികൾക്ക് വേണ്ടി ഏതൊരു പുസ്തകം എഴുതുമ്പോഴും കുട്ടികളാണ് അതിന്‍റെ കൈയ്യെഴുത്തുപ്രതിയുടെ ആദ്യ വായനക്കാർ. ചിലപ്പോളവർ ചില വാക്കുകളുടെ അർഥം ചോദിക്കും, അങ്ങനെയുള്ളവ മാറ്റി പുതിയ വാക്കുകൾ നൽകും. എന്‍റെ മക്കൾ ചെറുതായിരുന്നപ്പോൾ അവരായിരുന്നു വായിച്ചിരുന്നത്, ഇപ്പോഴത് അയൽവീട്ടിലെ കുട്ടികളാണ്. കുട്ടികൾക്ക് വേണ്ടി എഴുതുന്ന എഴുത്തുകാരും വലിയവരെ പോലെയാണ് ചിന്തിക്കുക. അതുകൊണ്ട് തന്നെ കുട്ടികളാണ് ഏറ്റവും മികച്ച വിധികർത്താക്കൾ. അവർക്ക് ആരാണ് പുസ്തകം എഴുതിയതെന്നൊന്നുമില്ല, ഒന്നോ രണ്ടോ പേജ് വായിച്ചു കഴിഞ്ഞ് ഇഷ്ടമായില്ലെങ്കിൽ അവർ പിന്നെ വായിക്കില്ല. പുസ്തകം എഴുതി അച്ചടിച്ച് കയ്യിൽ എത്തുന്നത് വരെ എല്ലാം പ്രക്രിയയിലും കുട്ടികളാണ് ഏറ്റവും പ്രധാനം. അതുകൊണ്ട്തന്നെ ഏതൊരു അവാർഡിനേക്കാളും അവരുടെ അനുമോദന സന്ദേശങ്ങൾ ഞാൻ വിലമതിക്കുന്നു.

5) അടുത്തിടെ പ്രസിദ്ധീകൃതമായ ‘കേരളത്തിലെ ബാലസാഹിത്യ ചരിത്രത്തിന്‍റെ കാലാനുസൃത വിവരണം’ നിങ്ങളുടെ ഏറ്റവും മികച്ച കൃതിയാണ്. അതേകുറിച്ച് പറയാമോ?

ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷം എനിക്ക് മനസ്സിലായൊരു കാര്യം ഹിന്ദിയിലെ ആദ്യത്തെ ബാല്യസാഹിത്യ ചരിത്രം ‘ഹിന്ദി ബാലസാഹിത്യ കാ ഇതിഹാസ്’ പുറത്തിറങ്ങിയത് 2018-ലാണ്. ഇന്ത്യൻ ഭാഷകളിലിറങ്ങിയ രണ്ടാമത്തെ കൃതി ഇതാണ്. നരേന്ദ്രനാഥ്, മാലി, സുമംഗല, സിപ്പി പള്ളിപ്പുറം, പ്രൊഫ. എസ്. ശിവദാസ്, പള്ളിയറ ശ്രീധരൻ തുടങ്ങി അനേകം കവികളും എഴുത്തുകാരും മലയാളത്തിലുണ്ട്. ഞാനും ഒരുപാട് പുസ്തകങ്ങളെഴുതി. എന്നാൽ കുട്ടികളുടെ ബുദ്ധിവികാസത്തിനു വേണ്ടി ജീവിത ഉഴിഞ്ഞുവെച്ച ഇവരുടെയൊന്നും ചരിത്രം പൊതുജനങ്ങൾക്ക് ലഭ്യമല്ലയെന്നത് എന്നെ വേദനിപ്പിച്ചു. അങ്ങനെയാണ് മലയാള ബാലസാഹിത്യ ചരിത്രം സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള ശ്രമം ഞാൻ തുടങ്ങുന്നത്. ഈ ആശയം പതിനഞ്ച് വർഷമായി എന്‍റെ മനസ്സിലുണ്ടായിരുന്നു. ഇക്കാലയളവിൽ ആരും ഈ പദ്ധതി ഏറ്റെടുക്കാത്തതിനാൽ ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു. പൂർണ ബുക്‌സ് 2021 നവംബറിൽ പ്രസിദ്ധീകരിച്ച 1312 പേജ് വരുന്ന ഈ വാല്യം പൂർത്തിയാക്കാൻ മൂന്നര വർഷമെടുത്തു.

6) കഴിഞ്ഞ 20 വർഷമായി ബാലസാഹിത്യത്തിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

ഈയിടെ ഞാൻ കേൾക്കാറുള്ള പതിവ് പല്ലവികളിലൊന്നാണ് കുട്ടികൾ പുസ്തകം വായിക്കുകയില്ലെന്നത്. നാം മനസ്സിലാക്കേണ്ടത് മാറ്റങ്ങളുണ്ടാക്കേണ്ടത് കുട്ടികളല്ല, കുട്ടികൾക്ക് വേണ്ടി എഴുതുന്നവരാണ്. എഴുത്തുകാരൻ പീഠത്തിൽ കയറിയിരുന്ന് കുട്ടികൾ ഇത് വായിച്ചാൽ മതിയെന്നോ അവരുടെ കാഴ്ചപ്പാടിനൊത്ത് മനസ്സിലാക്കിയാൽ മതിയെന്നോ പറയാനൊക്കില്ല. കുട്ടികളുടെ ജീവിതത്തിൽ സാങ്കേതിക വിദ്യകളുടെ വലിയ രീതിയിലുള്ള സാന്നിധ്യവും അതുണ്ടാക്കുന്ന സ്വാധീനവുമുണ്ട്. ഈ അനുഭവങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് നമ്മുടെ കുട്ടിക്കാലത്തുണ്ടായിരുന്ന ഓലപ്പാമ്പിന്‍റെയും ഓലപ്പീപ്പിയുടെയും ഓർമകൾ മാത്രമവതരിപ്പിക്കാനാകില്ല. തങ്ങളുടെ ജീവിതാനുഭവങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം പുസ്തകങ്ങളെ കുട്ടികൾ തള്ളിക്കളയുന്നതിലേക്കാണിതെത്തിക്കുക.

7) കുട്ടികളുടെ ശക്തമായ അനുഭവങ്ങളിൽ വേരാഴ്ന്നുകിടക്കുന്നതാണ് താങ്കളുടെ ചില രചനകൾ. അവയിൽ ചിലതിനെകുറിച്ച് പറയാമോ?

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളും മറ്റും മാതൃഭൂമിക്കു വേണ്ടി റിപ്പോർട്ട് ചെയ്യേണ്ടി വന്ന പശ്ചാതലത്തിൽ ‘കണ്ണൂർ’ എന്നൊരു പുസ്തകം ഞാനെഴുതി. രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ അനാഥരായി പോവുന്ന കുട്ടികളെകുറിച്ചാണതിൽ പറഞ്ഞിരുന്നത്. ബാലസാഹിത്യത്തിൽ അത്തരം പുസ്തകങ്ങൾ കുറവാണ്. ബോബ് പൊട്ടുന്ന അനുഭവമൊക്കെ എങ്ങനെയാണ് കുട്ടികൾക്ക് വേണ്ടി അവതരിപ്പിക്കുകയെന്ന് പലരും ചോദിച്ചിരുന്നു. പക്ഷെ, അതൊക്കെ ഇന്ന് കുട്ടികൾ അവർക്ക് ചുറ്റും കണ്ട്‌വളരുന്ന കാര്യങ്ങളാണ്. അതുകൊണ്ട് അവർക്കത് മനസ്സിലാക്കാൻ കഴിയുമെന്നെനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. സന്തോഷം നിറഞ്ഞ അരുണാഭമായ കഥകൾ മാത്രം മതി കുട്ടികൾക്കെന്ന മനോഗതി നാം തിരുത്തേണ്ടിയിരിക്കുന്നു. ലിംഗഭേദം പ്രമേയമാക്കിയ അടുത്ത് തന്നെ പ്രസിദ്ധീകരിക്കാനിരിക്കുന്ന എന്‍റെ ‘ചക്കരമാമ്പഴം’ എന്ന രചന നിലവിലെ ബാലസാഹിത്യ പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്‍റെ വാർപ്പുമാതൃകകളെ മറികടക്കുന്ന ഒന്നാണ്.

8) താങ്കൾ എഴുതിയ ഏതെങ്കിലും പുസ്തകത്തിൽ താങ്കളുടെ തന്നെ ജീവിതം പ്രതിഫലിക്കുന്നുണ്ടോ, എങ്ങനെ?

ഒരു രചയിതാവെന്ന നിലയിൽ എന്‍റെ സാഹിത്യ സൃഷ്ടികളിൽ നിന്ന് എനിക്കെന്നെ പൂർണമായി ഒഴിച്ചുനിർത്താനാവില്ല, പക്ഷെ ഞാൻ നേരിട്ട് അതിൽ സാന്നിധ്യമറിയിക്കുന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞ ‘കണ്ണൂർ’ എന്ന പുസ്തകമൊക്കെ പോലെ, എന്‍റെ രചനകൾ എന്‍റെ ജീവിതാനുഭവങ്ങളാൽ സ്വാധീനിക്കപ്പെട്ടവയാണ്. ‘ജുമാഞ്ചി’ എന്ന പുസ്തകത്തിൽ കുട്ടിക്കാലത്ത് നെല്ല് മെതിക്കാൻ വരുന്ന ആനകളുടെയും അവയുടെ അടുത്തേക്ക് പോവുന്നതിൽ നിന്ന് മുതിർന്നവർ ഞങ്ങളെ തടയുന്നതിന്‍റെയുമെല്ലാം ഓർമ്മകളാണ്. ഒരു പാഠപുസ്തകത്തിലുൾപെടുത്തപ്പെട്ട ‘മഞ്ഞ പാവാട’ എന്ന കഥ എന്‍റെ അനുഭവങ്ങളാൽ വളരെയധികം സ്വാധീനിക്കപ്പെട്ട ഒന്നാണ്. പക്ഷെ അവയൊന്നും ഒരിക്കലും എഴുതിയ ആളുടെ കാഴ്ചപ്പാടിലൂടെ ഉള്ളതല്ല.

9) നിങ്ങൾ എല്ലാ ദിവസവും എഴുതാറുണ്ടോ? എഴുത്തല്ലാതെ വേറെയെന്തെല്ലാമാണ് നിങ്ങൾ ആസ്വദിച്ച് ചെയ്യാറുള്ളത്?

ഞാൻ 2016-ൽ മാതൃഭൂമിയിൽ നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷം എം.ടി. വാസുദേവൻ നായർ എന്നോട് തിരൂർ തുഞ്ചൻ മെമ്മോറിയൽ ട്രസ്റ്റിന്റെ കോഡിനേറ്റർ (ഗവേഷണവും ഭരണവും) പദവി ഏറ്റെടുക്കാനാവശ്യപ്പെട്ടു. അതോടൊപ്പം പൂർണ പബ്ലിക്കേഷന്‍റെ ചില ചുമതലകളും എനിക്കുണ്ട്. ഇതല്ലാതെ എന്‍റെ ബാക്കി മുഴുവൻ സമയവും ഞാൻ എഴുത്തിലും വായനയിലുമാണ് ചിലവഴിക്കുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന എഴുത്ത് പ്രൊജക്റ്റുകൾ ഏറ്റെടുക്കാൻ ഞാനാഗ്രഹിക്കുന്നു. എഴുതുമ്പോൾ എനിക്ക് സ്വയം ഊർജ്ജസ്വലമായും അല്ലാത്തപ്പോൾ നിർജീവമായ പോലെയും തോന്നുന്നു. എഴുത്തിൽ തന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ ആഹ്ലാദം കണ്ടെത്തുന്നത്!